കണ്ണൂർ: നാലിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ജില്ലയിലെ പ്രധാന വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷാ സജ്ജീകരണങ്ങൾ കർശനമാക്കി. ചാലയിലെ ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തലശേരി ഗവ. ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുള്ള സ്ട്രോംഗ് റൂമുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ ഉന്നത ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി വിലയിരുത്തി.
ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തലശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, കണ്ണൂർ സിറ്റി അഡീഷണൽ എസ്പി എ.പി. ചന്ദ്രൻ, തലശേരി എഎസ്പി ഡോ. എം. നന്ദഗോപൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഡോ. സിബി, സ്പെഷൽ ബ്രാഞ്ച് എസിപി എ.വി. ജോൺ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും സന്ദർശനത്തിൽ പങ്കെടുത്തു.
വാഹന പാർക്കിംഗിന് സൗകര്യം ഒരുക്കി
കണ്ണൂർ: പയ്യന്നൂർ, കല്ല്യാശേരി, തളിപ്പറമ്പ്, ഇരിക്കൂർ നിയോജക മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കേന്ദ്രമായ തളിപ്പറമ്പ് സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂളിൽ വാഹന പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയതായി ആർഡിഒ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിലുള്ള കേയി സാഹിബ് ട്രെയിനിംഗ് കോളജ് പാർക്കിംഗ് ഗ്രൗണ്ട് ഔദ്യോഗിക വാഹനങ്ങൾക്ക് മാത്രമായി നിജപ്പെടുത്തി. കരിമ്പം ആശുപത്രി ജംഗ്ഷൻ മുതൽ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് വരെയുള്ള റോഡിൽ സ്വകാര്യ വാഹനങ്ങൾ പ്രവേശിപ്പിക്കില്ല.
പയ്യന്നൂർ, പഴയങ്ങാടി ഭാഗത്തുനിന്നും ആലക്കോട് ഭാഗത്തുനിന്നും ശ്രീകണ്ഠാപുരം, ഇരിക്കൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ യാത്രക്കാരെ കരിമ്പം ആശുപത്രി ജംഗ്ഷനിൽ ഇറക്കി മന്ന സയ്യിദ് നഗറിലോ മഴൂർ പൂമംഗലം റോഡിലോ ഉള്ള പാർക്കിംഗിൽ നിർത്തണം. കണ്ണപുരം, കല്ല്യാശേരി ഭാഗത്തുനിന്നും മയ്യിൽ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ യാത്രക്കാരെ സർ സയ്യിദ് കോളജിന് തെക്ക് ഭാഗത്തുള്ള പ്രധാന പ്രവേശന കവാടത്തിലൂടെ സർ സയ്യിദ് കോളജിന് അകത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ പ്രവേശിച്ച് വാഹനം പാർക്ക് ചെയ്ത് യാത്രക്കാർ സർ സയ്യിദ് കോളജിന് വടക്കു ഭാഗത്തുള്ള പ്രവേശന കവാടത്തിലൂടെ നടന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിച്ചേരണം.
കൗണ്ടിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങൾ ബാരിക്കേഡ് ചെക്കിംഗ് പോയിന്റ് വഴി സർ സയ്യിദ് റോഡിലേക്ക് പ്രവേശിപ്പിച്ച് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. കൗണ്ടിംഗ് ഡ്യൂട്ടി ഉദ്യോഗസ്ഥരുടെ (വരണാധികാരിയുടെ ജീവനക്കാർ) ഇരുചക്രവാഹനങ്ങൾ കരിമ്പം ബാരിക്കേഡ് പോയിന്റിന് ഇടത് വശത്തുള്ള ഒഴിഞ്ഞ സ്ഥലം, കേയി സാഹിബ് ട്രെയിനിംഗ് കോളജിലെ പാർക്കിംഗ് ഗ്രൗണ്ടിനു വടക്കു വശത്തായുള്ള ഒഴിഞ്ഞ സ്ഥലം, മാലിക് ദീനാർ ഹോസ്റ്റൽ പരിസരം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.